Saturday, 8 May 2010

അഹന്‍സങ്ഗൊങ്ങ് വ്യാജ മിശിഹാ കള്‍ട്ട് കേരളത്തില്‍ Ahnsahnghong cult.


അഹന്‍സങ്ഗൊങ്ങ് വ്യാജ മിശിഹാ കള്‍ട്ട് കേരളത്തില്‍

എന്നത്തേയും പോലെ ക്രിസ്തു സഭ നേരിടുന്ന വെല്ലുവിളിയില്‍ പ്രധാന്യമേറിയത് ദുരുപദേശം അഥവാ ഹെരെസി (Heresy) എന്നതാണ്. ഏതു ചവറും സ്വീകരിയ്ക്കുന്ന നാടായി കേരളം അധ:പ്പതിച്ചതിന്റെ ഉദാഹരണമാണ് അടുത്തകാലത്ത് കേരളത്തില്‍ കൊച്ചി കേന്ദ്രമായി ആരംഭിച്ച അഹന്‍സങ്ഗൊങ്ങ് വ്യാജ മിശിഹാ കള്‍ട്ട്.

വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷം 24 ആം അദ്ധ്യായം 23 മുതല്‍ 27 വരെ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു.

“അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. ഓർത്തുകൊൾവിൻ ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.“

നമ്മുടെ കര്‍ത്താവും രക്ഷകനുമായ് യേശുക്രിസ്തു മുന്‍ കൂട്ടി അരുളിച്ചെയ്ത കാര്യമാണിത്...

കാര്യത്തിലേയ്ക്കു കടക്കാം അഹന്‍സങ്ഗൊങ്ങ് കള്‍ട്ടിലേയ്ക്കു സാമാന്യ ബുദ്ധിയും വേദപുസ്തക സത്യത്തെക്കുറിച്ച് സാമാന്യ ജ്ഞാനവുമുള്ള ഒരുവനും ചെന്നു വീഴുകയില്ല.എന്നാല്‍ അവരുടെ മസ്തിഷ്ക പ്രക്ഷാളനം അത്ര ശക്തമേറിയതിനാലും ആദിമുതലേ വഞ്ചകനായ ആ പഴയ പാമ്പ് (Old Serpent) ഇതിനു പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നതിനാലും പല നാമധേയ ക്രിസ്ത്യാനികളും അവരുടെ ചതിയ്ക്ക് ഇരയായി നിത്യ നാശത്തില്‍ പതിയ്ക്കുന്നു എന്നത് ഏറ്റം ഖേദകരമായ വസ്തുതയാണ്‍. എനിയ്ക്ക് വ്യക്തമായി അറിയാവുന്ന ഒരുകുടുംബം അവരുടെ ചതിയില്‍ വീണതിലുണ്ടാ മനോഭാരത്താലാണ് ഇതെഴുതുവാന്‍ ഞാന്‍ പ്രേരിതനായത്.

വളരെപ്പെട്ടന്ന് തന്നെ എന്തൊക്കെയാണ് അവരുടെ ദുരുപദേശങ്ങള്‍ എന്നു നമുക്ക് പഠിയ്ക്കാം
അഹന്‍സങ്ഗൊങ്ങ് ഒരു വഞ്ചകനെന്നു പറയാന്‍ കാരണങ്ങള്‍ പലതുണ്ട്..അയാളുടെ പഠിപ്പീരുകള്‍ വേദപുസ്തക സത്യങ്ങള്‍ക്കു നിരക്കുന്നതല്ല. വേദപുസ്തക സത്യത്തിനു ഘടക വിരുദ്ധമായ വിപരീതോപദേശങ്ങളില്‍ ചിലത് ഇവിടെക്കുറിയ്ക്കുന്നു.

കൃപയാലുള്ള സൌജന്യ രക്ഷ ക്രിസ്തു വാഗ്ദാനം ചെയ്തിരിയ്ക്കുമ്പോള്‍ ഈ വ്യാജ മിശിഹാ കൂട്ടം കര്‍മ്മാചരണങ്ങള്‍ രക്ഷയ്ക്ക് കാരണം എന്നു ഉപദേശിയ്ക്കുന്നു. ഒരു മുന്‍ സെവന്ത്ഡേ അഡ്വന്റിസ്റ്റ് കാരനായിരുന്ന ഇയാളുടെ സഭ, ശനിയാഴ്ച ശാബത്താചരണമെന്ന പഴയനിയമ യ്ഹൂദ ആചാരത്തെ രക്ഷയ്ക്ക് ആവശ്യമായി പഠിപ്പിച്ചു പോരുന്നു. ഇതൊന്നുമല്ല ഏറ്റവും വലിയ് ദുരുപദേശം അമ്മദൈവം എന്നൊരവസ്ഥകൂടി ത്രിത്ത്വത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ഈ അമ്മ ദൈവത്തില്‍ വിശ്വസിയ്ക്കാത്തവര്‍ക്ക് രക്ഷയില്ല എന്നു കൂടി പഠിപ്പിച്ച് അനുയായികളേ വഞ്ചിച്ച് ഈ സാത്താന്യ സഭയില്‍ അംഗങ്ങളാക്കി നിത്യ നരകത്തിന് അര്‍ഹരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

ഗലാത്യ ലേഘനം 4:26 “ മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.“ എന്നത് ന്യായ പ്രമാണത്തിനു കീഴിലുള്ളവരും അല്ലത്തവരായ പുതിയനിയമ വിശ്വാസികളേയും കുറിച്ച് പൌലോസ് ആലങ്കാരിക ഭാഷയില്‍ അവതിരിപ്പിച്ചതിനെ വളച്ചൊടിച്ച് ഇവര്‍ അമ്മദൈവം എന്ന കപടവിശ്വാസം പ്രചരിപ്പിച്ച് അല്പജ്ഞാനികളായ അനേകരെ വഞ്ചിച്ചുകൊണ്ടിരിയ്ക്കുന്നു.

മനുഷ്യരക്ഷയ്ക്കായി ദൈവം തന്റെ പുത്രനിലൂടെ നല്‍കിയിരിക്കുന്ന രക്ഷാമാര്‍ഗ്ഗം വളരെ ലളിതമാണ്."കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" അപ്പസ്തോലപ്രവര്‍ത്തികള്‍ 16:32.


പിന്നീട് അവരുടെ കൊടിയ വഞ്ചന വേറൊരു വിധത്തിലാണ് ഏതൊരു കള്‍ട്ടിന്റേയും പൊതു സ്വഭാവമണിത്, അതായത് വേദപുസ്തക വ്യാഖ്യാനം തങ്ങള്‍ക്കുമാത്രമേ സാധ്യമാകൂ എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ദുരുപദേശം അടിച്ചേല്‍പ്പിയ്ക്കുക എന്നത്. എന്നാല്‍ വേദപുസ്തകം ഇതിനേക്കുറിച്ച് എന്തു പറയുന്നു എന്നു നമുക്കൊന്നു നോക്കാം.

1 കൊരിന്ത്യന്‍സ് 2)0 അദ്ധ്യായം 9 മുതല്‍ 14 വരെ വാക്യങ്ങള്‍ .

" ദൈവം തന്നെ സ്നേഹിക്കുന്നവർക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കും ആത്മികമായതു തെളിയിക്കുന്നു.
എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല."


വേദവചനത്തിലൂടെ ദൈവം അരുളിച്ചയ്ത രക്ഷയുടെ സന്ദേശം ഇപ്രകാരമാണ് .യേശുക്രിസ്തുവിലൂടെയുള്ള രക്ഷ അവന്റെ കൃപയാലുള്ള രക്ഷ ആര്‍ക്കും സൌജന്യമായി അവന്‍ നല്‍കുന്നു. മനുഷ്യന്റെ നീതിപ്രവര്‍ത്തികള്‍ക്കൊന്നും അവനെ രക്ഷിയ്ക്കാനാവില്ല എന്നു വചനം പഠിപ്പിയ്ക്കുന്നു .


വചനത്തില്‍ നാമിപ്രകാരം വായിക്കുന്നു. എഫേസ്യ ലേഘനം 2 ന്റെ 8 ഉം 9തും
“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.“


സാത്താന്യമായ ഈ വ്യാജമതം ,കള്‍ട്ട് ഉടലെടുത്തത് 1964 ല്‍ കൊറിയയില്‍ അഹന്‍സങ്ഗൊങ്ങ് എന്നൊരാളാലാണ് 1985ല്‍ അയാള്‍ മരിയ്ക്കുകയും അയാളുടെ ഭാര്യ സാങ് ഗില്‍ജ, Zahng-Gil-Jah യും ( ആത്മീയ ഭാര്യ എന്നവകാശപ്പെടുന്നു) അനുയായികളും ചേര്‍ന്ന് അമ്മദൈവം എന്ന ഈ വ്യാജ മതം പ്രചരിപ്പിയ്ക്കുകയായിരുന്നു.

കോടികളുടെ ആസ്ഥിയും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ നടത്തിപ്പുമാതിരിയുള്ള ഭരണ ക്രമവുമൊക്കെയായി ഈ വ്യാജമതം കേരളത്തിലും പ്രചരിയ്ക്കുന്നു...

വിശ്വാസികളേ ഉണരുക, ഇവരുടെ ചതിയില്‍ വീണ അനേകരെ രക്ഷിയ്ക്കുക..